അധിക നികുതി അടയ്ക്കരുതെന്ന് സുധാകരൻ; നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും

sudhakaran

സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധിക നികുതി പാർട്ടി പ്രവർത്തകർ അടയ്ക്കില്ലെന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പറഞ്ഞിരുന്നു. ഇപ്പോൾ അധിക നികുതി അടയ്ക്കരുത് കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുകയാണ്. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു

നികുതി വർധന പിടിവാശിയോടെയാണ് സർക്കാർ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാണിച്ചത്. ജനകീയ സമരങ്ങൾക്ക് മുന്നിൽ ഏകാധിപതി മുട്ടുമടക്കിയ ചരിത്രമുണ്ട്.

തദ്ദേശസ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരനെ അത് വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്ന് പറഞ്ഞ റാണിയെ പോലെയാണ് മുഖ്യമന്ത്രി. നികുതി വർധനയിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
 

Share this story