ശബരിമല ദർശനത്തിന് നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

ശബരിമല ദർശനത്തിന് നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി സുപ്രിം കോടതി. വിഷയം കേരളാ ഹൈക്കോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. തമിഴ്‌നാട് സ്വദേശി കെ കെ രമേശാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 

അമർനാഥ് തീർഥാടകർക്കുള്ളത് പോലെ ശബരിമലയിലും തീർഥാടകർക്ക് മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാക്കണം. തിരക്ക് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം എന്നിവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. എന്നാൽ കാര്യങ്ങൾ പഠിച്ചുവേണം ഇത്തരം ഹർജികൾ നൽകാനെന്ന് സുപ്രീം കോടതി പ്രതികരിച്ചു.

കേരളാ ഹൈക്കോടതിയിൽ ഒരു ദേവസ്വം ബെഞ്ച് തന്നെയുണ്ടെന്ന് പറഞ്ഞ കോടതി ശബരിമലയിലെ സാഹചര്യങ്ങളെ കുറിച്ചും ഭക്തരുടെ വികാരങ്ങളെ കുറിച്ചും ഹൈക്കോടതിക്ക് നല്ല ബോധ്യമുണ്ടെന്നും വ്യക്തമാക്കി. ഹർജിക്കാരന് താക്കീതും നൽകിയതോടെ ഹർജി പിൻവലിക്കുകയായിരുന്നു.
 

Share this story