വിജയത്തിനരികെ സുരേഷ് ഗോപി; ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തരൂർ ആശങ്കയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ആകെയുള്ള 20 സീറ്റുകളിൽ 16 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. രണ്ട് സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ ഇരുമുന്നണികളെയും ഞെട്ടിച്ച് എൻഡിഎ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്

തൃശ്ശൂരിൽ സുരേഷ് ഗോപി വിജയമുറപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. നാൽപതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് നിലവിൽ സുരേഷ് ഗോപിക്കുള്ളത്. 43,226 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇനിയൊരു തിരിച്ചുവരവ് രണ്ടാം സ്ഥാനത്തുള്ള വിഎസ് സുനിൽകുമാറിന് അസാധ്യമാണ്. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്താണ്

കടുത്ത മത്സരം നടക്കുന്നത് ആറ്റിങ്ങൽ മണ്ഡലത്തിലാണ്. ഇവിടെ ലീഡ് നില മാറിമറിയുകയാണ്. നിലവിൽ എൽഡിഎഫ് സ്ഥാനാർഥി വി ജോയ് ആണ് മുന്നിട്ട് നിൽക്കുന്നത്. അദ്ദേഹത്തിന് 1656 വോട്ടുകളുടെ ലീഡാണ് നിലവിലുള്ളത്. അതേസമയം എൽഡിഎഫിന് ആശ്വാസകരമായ ലീഡ് നിലയുള്ളത് ആലത്തൂരിലാണ്. കെ രാധാകൃഷ്ണൻ 11,340 വോട്ടുകൾക്ക് മുന്നിലാണ്. 

കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ 15,441 വോട്ടുകൾക്ക് മുന്നിലാണ്. തിരുവനന്തപുരത്ത് ശശി തരൂരിനെ ഞെട്ടിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് മുന്നിട്ട് നിൽക്കുന്നത്. 13,635 വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. വടകരയിൽ ഷാഫി പറമ്പിലും വിജയമുറപ്പിച്ച് നീങ്ങുകയാണ്. 29, 936 വോട്ടുകളുടെ ലീഡ് ഷാഫിക്ക് നിലവിലുണ്ട്.
 

Share this story