നിവേദനം തുറന്ന് പോലും നോക്കാതെ എംപിയുടെ പണിയല്ലെന്ന് സുരേഷ് ഗോപി; കൊച്ചുവേലായുധന് സിപിഎം വീട് വെച്ച് നൽകും

kochu velayudhan

കേന്ദ്രമന്ത്രി സുരേഷ് ഗോപി തുറന്ന് പോലും നോക്കാതെ നിവേദനം മടക്കി അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം തന്നെ ആരംഭിക്കും. വയോധികനിൽ നിന്ന് നിവേദനം വാങ്ങി വായിക്കാൻ പോലും മെനക്കെടാതെ, ഇത് എംപിയുടെ പണി അല്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി അപമാനിക്കുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു


തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു. നിവേദനം ഉൾക്കൊള്ളുന്ന കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് സുരേഷ് ഗോപി പറയുന്നതും വീഡിയോയിൽ കേൾക്കാം.

സിപിഎം ജില്ലാ സെക്രട്ടറിയുടെ കുറിപ്പ്

കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എം പിയുടെ പണി' എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട്
സിപിഐ എം നിർമ്മിച്ചു നൽകും. പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പാർടിക്കു വേണ്ടി ഈ ഉറപ്പു നൽകി.
കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങി വായിക്കാൻ പോലും മിനക്കെടാതെ വീട് നിർമ്മാണ പ്രശ്‌നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. വേലായുധന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കും.
 

Tags

Share this story