സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; ഉടന്‍ ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രിയുടെ നിർദേശം

Suresh Gopi

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഔദ്യോഗിക അറിയിപ്പു ലഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് നിർദ്ദേശം നൽകി. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്.

ഉടന്‍ ഡല്‍ഹിയിലെത്താനാണ് മോദി നിര്‍ദേശം നല്‍കിയത്. 12.15നുള്ള വിസ്താര വിമാനത്തിൽ സുരേഷ് ഗോപി ബംഗളൂരുവിലേക്കും പിന്നീട് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനാണ് തീരുമാനം. വൈകീട്ടു 4 മണിക്കുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഡല്‍ഹിയിലെത്താനാണ് ശ്രമം.

നേരത്തെ സിനിമകളിൽ കരാർ നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമെന്ന് ആശങ്കയുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. ഇന്ന് വൈകിട്ട് 7.15 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. മോദിയുടെ തീരുമാനം അനുസരിക്കുന്നു എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Share this story