സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും, ഒപ്പം വലിയ താരനിരയും

suresh

ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിൽ സിനിമാ താരങ്ങളുടെ വലിയ നിര തന്നെയുണ്ടാകും. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. വിവാഹത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഗുരുവായൂർ, തൃപയാർ ക്ഷേത്രങ്ങളും ഇന്ന് സന്ദർശിക്കും

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഗുരുവായൂരിലെത്തിയിട്ടുണ്ട്. റോഡ് മാർഗം ക്ഷേത്രത്തിലേക്ക് എത്തും. ക്ഷേത്ര ദർശനത്തിന് ശേഷം 8.45ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത മൂന്ന് മണ്ഡപങ്ങളിലുമെത്തി നവദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന പ്രധാനമന്ത്രി 9.45ന് തൃപയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും

പത്ത് മണിക്ക് തൃപയാർ ക്ഷേത്രത്തിലെത്തുന്ന മോദി 11 മണിയോടെ കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

വലിയ താരനിരയും ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂരിലെത്തും. മമ്മൂട്ടിയും മോഹൻലാലും ഇന്നലെ തന്നെ കുടുംബ സമേതം ആശംസ നേരാൻ എത്തിയിരുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളും വിവാഹത്തിനെത്തുമെന്നാണ് വിവരം.  19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തും വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. 


 

Share this story