അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ തമിഴ്‌നാട്; പുറത്തിറങ്ങരുതെന്ന് കമ്പത്തെ ജനങ്ങൾക്ക് നിർദേശം

arikomban

ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം നഗരത്തിലിറങ്ങിയത്. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെ കണ്ട് വാഹനത്തിൽ നിന്നിറങ്ങിയോടിയ ഒരാൾക്ക് വീണു പരുക്കേറ്റു

ഇതോടെ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ തമിഴ്‌നാട് ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആകാശത്തേക്ക് വെടിവെച്ച് കാട്ടിലേക്ക് തിരിച്ചുകയറ്റാൻ ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായിരിക്കുന്നത്. ഇന്ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കാനാണ് നീക്കം. മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിലേക്ക് വിടാനാണ് നീക്കം. തേനി എസ് പിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കുങ്കിയാനകളെയും കമ്പത്തേക്ക് എത്തിക്കും. 

കമ്പം ടൗണിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നതെന്നാണ് സൂചന. കമ്പത്ത് നിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും വീണ് ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്.

കമ്പം ടൗണിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്. ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഊർജിതമാക്കി. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 

Share this story