തന്ത്രിയുടെ ജാമ്യം: വിചാരണ കോടതി പരാമർശത്തിന് പിന്നിലെന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെയെന്ന് മന്ത്രി
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി ദേവസ്വം മന്ത്രി വിഎൻ വാസവൻ. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. എന്നിട്ടും വിചാരണ കോടതി ജാമ്യം അനുവദിച്ചതിന് പിന്നിൽ എന്തെങ്കിലുമുണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു
ബിജെപി നേതാവുമായി തന്ത്രി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങൾ വൈകാതെ പുറത്തുവരും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എസ്ൈടി അന്വേഷണം കൃത്യമായി പരിശോധിച്ചാണ് അറസ്റ്റുകൾക്ക് നിർദേശം നൽകുന്നത്. ജാമ്യ ഹർജി വരുമ്പോൾ കേസിന്റെ മെറിറ്റിലേക്ക് ഒരു കോടതിയും കടക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി നിർദേശം
സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കപ്പുറത്താണ് വിചാരണ കോടതിയുടെ പരാമർശങ്ങൾ. ഇതിന് പിന്നിലെന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. തന്ത്രിയുടെ അറസ്റ്റിൽ നിയമസഭയ്ക്ക് ഉള്ളിലും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
