വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: എക്സൈസ് മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തി; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു

M Liju VD

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് (ലോ ആൽക്കഹോളിക് ബവ്‌റിജസ്) നികുതി ഇളവ് പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയുമായി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. വകുപ്പ് മന്ത്രി പോലും അറിയാതെ ധനവകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നിയമസഭയിലെ തന്റെ ചേംബറിൽ എക്സൈസ് കമ്മീഷണറുമായും മന്ത്രി അടിയന്തര ചർച്ച നടത്തിയിരുന്നു.

​കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ശക്തമായി എതിർത്ത ഒരു വിഷയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയതാണ് മന്ത്രിയെയും മുന്നണിയിലെ ഒരു വിഭാഗം നേതാക്കളെയും ചൊടിപ്പിച്ചത്. യു.ഡി.എഫിന്റെ മദ്യനയം സംബന്ധിച്ച് മുന്നണിയിലോ എക്സൈസ് വകുപ്പിലോ യാതൊരുവിധ ചർച്ചകളും നടക്കാതെയാണ് ധനവകുപ്പ് ഏകപക്ഷീയമായി നികുതി ഘടന പ്രഖ്യാപിച്ചതെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.

​വിഷയത്തിൽ പ്രതികരിച്ച മന്ത്രി എം. ലിജു, നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ചത് വെറും നികുതി ഘടന മാത്രമാണെന്നും വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം മാത്രമേ സംസ്ഥാനത്തിന് അനുയോജ്യമായ മദ്യനയം പ്രഖ്യാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വിവിധ സമുദായിക സംഘടനകളും കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതും പുതുതലമുറയെ മദ്യത്തിലേക്ക് നയിക്കുന്നതുമാണ് ഈ തീരുമാനമെന്ന് സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും കുറ്റപ്പെടുത്തി. വിഷയം സർക്കാരിനുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ച സാഹചര്യത്തിൽ മദ്യനയ പ്രഖ്യാപനത്തിൽ പുനരാലോചനയുണ്ടായേക്കുമെന്നാണ് സൂചന.

Tags

Share this story