മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

Police

പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ദിവസങ്ങളോളം മറച്ചുവെച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നു പറഞ്ഞത്. അന്നേ ദിവസം സ്‌കൂൾ അധികൃതർ വിവരം അറിഞ്ഞിരുന്നു. തുടർന്ന് 19ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകും. ഹെഡ്മാസ്റ്റർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരോട് ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. അധ്യാപകനായ അനിലിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
 

Tags

Share this story