അന്വേഷണം അവസാനിപ്പിച്ചത് സാങ്കേതികത്വം; ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്ന് ടോമിൻ തച്ചങ്കരി

സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജെസ്‌നയെ കണ്ടെത്താൻ ഇനിയും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി. സിബിഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ്. ജെസ്‌ന തിരോധാനക്കേസിൽ അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചുള്ള സിബിഐ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണ്. ഒരു കേസിനെ കുറിച്ച് കൃത്യമായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. 

എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാൽ തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. നല്ല രീതിയിലാണ് കേസിൽ പൊലീസ് അന്വേഷണം നടത്തിയത്. ജെസ്‌ന തിരോധാനക്കേസ് തെളിയേണ്ടതാണ്. അന്വേഷണത്തിൽ മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. കേസുകൾ തെളിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെന്നും തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Share this story