താപനില ദിനംപ്രതി ഉയരുന്നു: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം. കിടപ്പുരോഗികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സയിലുള്ള ആശുപത്രി വാർഡുകളിൽ കൂളറുകൾ സ്ഥാപിക്കാൻ നിർദേശം. വയോജന മന്ദിരങ്ങളിലും കൂളറുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ജില്ലയിലുടനീളം തണ്ണീർപ്പന്തലുകൾ ആരംഭിക്കണം. 

പുറം മൈതാനിയിൽ നടക്കുന്ന കായിക വിനോദങ്ങൾ 11 മുതൽ 3 മണി വരെ അനുവദിക്കില്ല. റെഡ് അലേർട്ട് നൽകിയാൽ ഇരുചക്ര വാഹനങ്ങൾ പുറത്ത് ഇറക്കുന്നതിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലേർട്ടോടു കൂടിയ താപതരംഗ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
 

Share this story