പൾസർ സുനി മുതൽ ശരത് വരെ പത്ത് പ്രതികൾ; എട്ടാം പ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്ത്
നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. പത്ത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പൾസർ സുനി എന്ന എൻ എസ് സുനിയാണ് കേസിലെ ഒന്നാം പ്രതി
മോഷണങ്ങളും ക്വട്ടേഷൻ പ്രവർത്തനങ്ങളും സ്ഥിരമാക്കിയ ക്രിമിനലാണ് സുനി. നടിയെ ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും സുനിയാണ്. മാർട്ടിൻ ആന്റണിയാണ് രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിൻ ആയിരുന്നു. കൃത്യത്തിൽ പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തത് മാർട്ടിനായിരുന്നനു
തമ്മനം മണിയെന്ന ബി മണികണ്ഠനാണ് മൂന്നാം പ്രതി. പൾസർ സുനിയുടെ സുഹൃത്തും സഹായം നൽകിയ വ്യക്തിയുമാണ്. വഹാനത്തിൽ വെച്ച് ആക്രമണത്തിൽ പങ്കുചേർന്നയാൾ. വിപി വിജീഷാണ് നാലാം പ്രതി. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. വാഹനത്തിൽ വെച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു
വടിവാൾ സലിം എന്ന എച്ച് സലീമാണ് അഞ്ചാം പ്രതി. ആലപ്പുഴ സ്വദേശിയായ ഇയാൾ ക്വട്ടേഷൻ ഗുണ്ടയാണ്. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി. പ്രദീപ് എന്നയാളാണ് ആറാം പ്രതി. പ്രതികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ ഇടയ്ക്ക് വന്ന് കയറുകയായിരുന്നു. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയായി
ചാർലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരിൽ ഒളിവിൽ പോകാൻ സഹായിച്ചു. പി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ് കേസിലെ എട്ടാം പ്രതി. ക്രിമിനൽ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരനാണ്. കൃത്യം നടത്താൻ ഗൂഡാലോചന നടത്തുകയും അതിന് പണം നൽകുകയും ചെയ്തു
മേസ്തിരി സനൽ എന്ന സനിൽകുമാറാണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലിൽ സഹായിച്ചു. അപ്പുണ്ണിയുമായും നാദിർഷയുമായും ഫോണിൽ സംസാരിക്കാൻ സഹായം നൽകിയത് ഇയാളാണ്. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ജി നായരാണ് പത്താം പ്രതി. തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയത്
