തണ്ണീർമുക്കം കൊലപാതകം: പ്രതി ഒളിവിൽ; കൊലയ്ക്ക് കാരണം മകളോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യമെന്ന് സംശയം

തണ്ണീർമുക്കം

ആലപ്പുഴ: തണ്ണീര്‍മുക്കത്ത് 53 കാരനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ പ്രതി ഒളിവില്‍ എന്ന് പൊലീസ്. പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളോട് കൊല്ലപ്പെട്ടയാള്‍ മോശമായി പെരുമാറിയിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. ഇന്നാണ് ഇയാളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്. അടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മുളവടി ഒടിഞ്ഞ നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് പിന്നീട് കൊലപാതകത്തിന് കേസെടുത്തത്. ഞായറാഴ്ച സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപം തന്നെയാണ് മുളവടി കണ്ടെത്തിയിരുന്നത്. ഭാര്യയും മകളുമായി പിണങ്ങിക്കഴിയുന്ന സന്തോഷ് വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. സമീപവാസികളുമായും ഇയാള്‍ക്ക് കാര്യമായ സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം സന്തോഷ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അയല്‍വാസിയായ പെണ്‍കുട്ടി ഇയാള്‍ക്കെതിരെ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച പൊലീസ് സന്തോഷിന്റെ വീട്ടില്‍ എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Tags

Share this story