നിർത്താൻ ഉദ്ദേശമില്ലാതെ തരൂർ; മോദിയെയെയും കേന്ദ്രസർക്കാരിനെയും പ്രകീർത്തിച്ച് വീണ്ടും ലേഖനം

tharoor

കേന്ദ്ര സർക്കാരിനെ വീണ്ടും പ്രകീർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മോദി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. മോദി സർക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്നും ലേഖനം. അമിത് ഷായുടെ പേരെടുത്ത് പറഞ്ഞും പ്രശംസയുണ്ട്.

കേരളത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് തരൂരിന്റെ ലേഖനം വരുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞുപോകുമ്പോൾ എന്ന തലവാചകത്തിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയിലെ മാവോയിസ്റ്റ് വെല്ലുവിളി കേന്ദ്ര സർക്കാർ എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.

സർക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും മാവോയിസ്റ്റ് ഭീഷണി പൂർണമായും ഇല്ലാതാക്കും വരെ അത് തുടരണമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. യുപിഎ സർക്കാർക്കാരിന്റെ ആശയം മോദി സർക്കാർ നടപ്പാക്കിയെന്ന് പറയുമ്പോഴും സുരക്ഷ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് മോദി സർക്കാർ വലിയ നിക്ഷേപം നടത്തിയെന്ന് തരൂർ പറയുന്നു. 

ഇരുമ്പുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വന സ്പർശം കൂടി ഉണ്ടായതുകൊണ്ടാണ് മാവോയിസ്റ്റ് ഭീഷണി രാജ്യത്ത് ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും നക്സലൈറ്റ് കലാപം പൂർണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരാമർശിച്ച് തരൂർ പറയുന്നു.

Tags

Share this story