ബാർ കോഴയെന്ന ആരോപണം തെറ്റ്; പിരിവ് കെട്ടിടം വാങ്ങാൻ, അനിമോനെ സസ്‌പെൻഡ് ചെയ്തു

മദ്യനയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിന് കോഴ നൽകാൻ പിരിവെടുത്തെന്ന ആരോപണം തള്ളി കേരളാ ഹോട്ടൽ അസോസിയേഷൻ. സംഘടനാ നേതാവ് അനിമോൻ വാട്‌സാപ്പ് ഗ്രൂപ്പിൽ കോഴ നൽകാൻ നിർദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിംഗ് ഫണ്ടിന് വേണ്ടിയാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽകുമാർ വ്യക്തമാക്കി

സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു. 650 അംഗങ്ങളാണ് സംഘടനയിലുള്ളത്. സംഘടനക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എറണാകുളത്ത് ഓഫീസ് ഉള്ളതിനാൽ തിരുവനന്തപുരത്ത് ഓഫീസ് വേണ്ടെന്ന് എതിർപ്പുള്ളവർ സംഘടനയിലുണ്ട്

കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ട് തവണ തീരുമാനമെടുത്തിട്ടും നടപ്പായില്ല. മൂന്നാം തവണ ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു. മെയ് 30നുള്ളിൽ മുഴുവൻ തുകയും നൽകണം. 5.60 കോടിയാണ് ഇതിന് വേണ്ടത്. രജിസ്‌ട്രേഷനായി 60 ലക്ഷം രൂപയും വേണം. അംഗങ്ങളിൽ നിന്ന് നാലരക്കോടി രൂപ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ബാക്കി തുക കണ്ടെത്താൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാന സമിതിക്ക് വായ്പയായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്

എന്നാൽ വായ്പ ആവശ്യപ്പെട്ടതിനോട് അനിമോൻ അടക്കമുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനിടയിൽ തന്നെ അനിമോൻ സംഘടന പിളർത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ ഇതിനെ വിമർശിക്കുകയും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോൾ തന്നെ അനിമോൻ കമ്മിറ്റിയിൽ നിന്നിറങ്ങിപ്പോയി. ഡ്രൈ ഡേ ഒഴിവാക്കണമെന്നും സമയപരിധി കൂട്ടണമെന്നും നേരത്തെ തന്നെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും സുനിൽ കുമാർ പറഞ്ഞു
 

Share this story