എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് കയറ്റി; യുവാവിനായി അന്വേഷണം

bike

എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് കയറ്റി യുവാവ്. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എംഎസ് അജ്മലിന്റെ പേരിൽ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ചത്. ഇയാൾക്കായി റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഇന്നലെ പുലർച്ചെ നാലരയോടെയാണ് യുവാവ് പ്ലാറ്റ്‌ഫോമിന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്. ട്രെയിൻ കാത്തിരിക്കുന്ന ആളുകൾക്കിടയിലൂടെ യുവാവ് ബൈക്ക് ഓടിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

യുവാവ് ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ കയറുന്നത് കണ്ടതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ പുറകെ പാഞ്ഞു. എന്നാൽ തെക്കേ അറ്റത്തേക്ക് ഓടിച്ചുകൊണ്ടുപോയി ബൈക്ക് ഇവിടെ നിർത്തി താക്കോലുമായി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. 

ബൈക്ക് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ഇത് വാടകയ്ക്ക് എടുത്തത്. നാല് ലക്ഷം രൂപ വിലയുള്ള ബൈക്ക് ഒരു മാസത്തേക്കാണ് വാടകയ്ക്ക് എടുത്തത്. ലഹരി ഉപയോഗിച്ചതിന് ശേഷമാണോ ബൈക്ക് പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത് എന്നാണ് സംശയിക്കുന്നത്.
 

Tags

Share this story