ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു; വൈകിയത് പരാതികൾ പരിശോധിക്കാനെന്ന് ഗവർണർ

ബില്ലുകളിലെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതാണ്. പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും ഗവർണർ പറഞ്ഞു

ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചത്. ഈ ബില്ലുകൾ പാസാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഗവർണർക്കെതിരെ സമരം നടത്തിയിരുന്നു.  ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 

കൂട്ടത്തിൽ ഭൂപതിവ് നിയമ ഭേദഗതി ബില്ല് നിർണായകമാണ്. പട്ടയ ഭൂമി കാർഷികാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാൽ ബില്ലിനെതിരെയും പല വിമർശനങ്ങളുയർന്നിരുന്നു.
 

Share this story