കേരളത്തിൽ ബിജെപി ഭരണത്തെ നിയന്ത്രിക്കുന്ന ശക്തിയാകുമെന്ന് എസ്. സുരേഷ്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം രണ്ടക്ക സംഖ്യയിൽ സീറ്റുകൾ നേടുമെന്നും സംസ്ഥാന ഭരണത്തെ നിയന്ത്രിക്കാൻ കഴിയുന്ന നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അവകാശപ്പെട്ടു. ഇത്തവണ എൽഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കാത്ത ഒരു തൂക്ക് നിയമസഭയാകും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പ്രവചിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. തിരുവല്ലയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നും തിരുവനന്തപുരത്ത് അദ്ദേഹം റോഡ് ഷോ നടത്തുമെന്നും സുരേഷ് അറിയിച്ചു. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളും കേരളത്തിൽ സന്ദർശനം നടത്തും. വികസനമാണ് എൻഡിഎയുടെ പ്രധാന മുദ്രാവാക്യമെന്നും ഈ തിരഞ്ഞെടുപ്പോടെ ഇടത്-വലത് മുന്നണികളുടെ പ്രാമുഖ്യം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം നഗരത്തിലെ ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ ബോധപൂർവം കുടിവെള്ളം മുടക്കാൻ സർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ പോലും ഇടപെടലുകൾ ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു. മുന്നണികൾ മതമൗലികവാദികളുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവി തകർക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
