അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

arunachal

അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഗുവാഹത്തിയിൽ എത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ തോമസ്, ഭാര്യ ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്

ബ്ലാക്ക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സീറോ താഴ്‌വരയിൽ എത്തി ഇവർ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ആരാണ് ഇവരെ ബ്ലാക്ക് മാജിക്കിലേക്ക് നയിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്

രണ്ട് വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന് നവീനും ദേവിയും അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. അതേസമയം ഇവരുടെ സുഹൃത്തായ ആര്യ എങ്ങനെ അന്ധവിശ്വാസത്തിന് ഇരയായെന്ന് വ്യക്തതയില്ല. അടുത്ത മാസം ഏഴിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഇവർ അരുണാചലിലേക്ക് പോയതും ആത്മഹത്യ ചെയ്തതും.
 

Share this story