സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേത്; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

vijil

കോഴിക്കോട് വെസ്റ്റ് ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിലെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ വിജിലിന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. 2019 മാർച്ചിലാണ് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. 

മിസിംഗ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും വർഷങ്ങൾ കഴിഞ്ഞതോടെ അന്വേഷണം നിലച്ചു. ഒടുവിൽ അടുത്തിടെയാണ് കേസ് വീണ്ടും പൊടിതട്ടിയെടുത്തത്. അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തുകയായിരുന്നു. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും മൃതദേഹം പിന്നീട് സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ കെ കെ നിഖിൽ, ദീപേഷ് എന്നിവർ മൊഴി നൽകിയത്

ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ സരോവരത്തെ ചതുപ്പിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെടുക്കുകയും ചെയ്തു. 2019 മാർച്ച് 24ന് രാവിലെയാണ് വിജിൽ വീട്ടിൽ നിന്നും പോയത്. അന്നേ ദിവസം നിഖിൽ, രഞ്ജിത്ത്, ദീപേഷ് എന്നീ സുഹൃത്തുക്കൾക്കൊപ്പം സരോവരത്ത് എത്തിയ വിജിൽ അവിടെ വെച്ച് ബ്രൗൺ ഷുഗർ ഉപയോഗിച്ചു

വിജിലിന്റെ കൈയിൽ മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. അൽപം കഴിഞ്ഞ് വിജിൽ കുഴഞ്ഞുവീണു. ലഹരി വിടുമ്പോൾ പോകുമെന്ന് കരുതി അവിടെ നിന്ന് പോയി എന്നാണ് സുഹൃത്തുക്കളുടെ മൊഴി. പിറ്റേ ദിവസം സ്ഥലത്ത് എത്തിയപ്പോൾ വിജിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. സത്യം പുറത്തറിയാതിരിക്കാൻ മൂന്ന് പേരും ചേർന്ന് മൃതദേഹം ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു. തുടർന്ന് ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തു.
 

Tags

Share this story