ജനങ്ങളോടുള്ള വഞ്ചനയുടെ നേർരേഖയാണ് ബജറ്റ്; സ്വകാര്യവത്കരണമാണ് ലക്ഷ്യമെന്ന് കെ സുധാകരൻ

K Sudhakaran

കേരളത്തിലെ ജനങ്ങളെ സിപിഎം ദീർഘകാലമായി പറഞ്ഞു പറ്റിച്ചുകൊണ്ടിരുന്ന വഞ്ചനയുടെ നേർരേഖയാണ് കേരള ബജറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സമ്പൂർണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാൻ വിട്ട് സിപിഎം ഇതുവരെ എതിർത്ത സ്വകാര്യമൂലധനമാണ് സർക്കാരിന് ആശ്രയം.

യുഡിഎഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോൾ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ടിപി ശ്രീനിവാസനെ പരസ്യമായി മർദിച്ചവരാണ് ഇപ്പോൾ വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലയും പ്രഖ്യാപിച്ചത്. സ്വാശ്രയ കോളജ് സമരത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ദശാബ്ദങ്ങളായി ശരശയ്യയിൽ കഴിയുന്ന പുഷ്പനോടും സമരത്തിലും പ്രക്ഷോഭത്തിലും ജീവിതം നഷ്ടപ്പെട്ട പതിനായിരങ്ങളോടും സിപിഎം മാപ്പു പറയണം.

റബറിന് 10 രൂപ മാത്രം കൂട്ടിയത് കേരളത്തിലെ റബർ കർഷകരോട് കാട്ടിയ കടുത്ത വഞ്ചനയാണ്. തോമസ് ചാഴികാടൻ എംപിയെ വീണ്ടും അപമാനിച്ചതിനു തുല്യമാണിത്. റബറിന്റെ ഉത്പാദനച്ചെലവിനു പോലും ഇതു തികയുകയില്ല. റബർ വിലസ്ഥിരതാ ഫണ്ട് വെറും പ്രഹസനമാക്കി. ടൂറിസം മേഖലയ്ക്ക് വാരിക്കോരി നല്കിയപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയെ അവഗണിച്ചു. പിണറായി ഭരണത്തിൽ ഇതുവരെ 42 കർഷകരാണ് ആത്മഹത്യ ചെയ്തത്.

Share this story