കപ്പിത്താൻ ഉണ്ട്, പക്ഷേ കപ്പൽ മുങ്ങി: ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ പ്രതിപക്ഷം

അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം അതിവേഗം പടർന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവർ പോലും രോഗം വന്ന് മരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. നൂറോളം പേർക്ക് രോഗബാധയുണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുകയാണ്. രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ ആരോപിച്ചു
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. യഥാർഥ കണക്ക് മറച്ചുവെച്ച് മേനി നടിക്കുകയാണ്. കേരളത്തിൽ മരണനിരക്ക് കുറവാണെന്നാണ് പറയുന്നത്. എന്നാൽ രോഗവ്യാപനം തടയാനാകുന്നില്ലെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു
ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് പി സി വിഷ്ണുനാഥും വിമർശിച്ചു. ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1411 പേരാണ് പകർച്ചവ്യാധികൾ മൂലം മരിച്ചത്. കോഴിക്കോട് ജില്ലാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 മാസമായി. ഉപകരണം വിതരണം ചെയ്യുന്ന കമ്പനികൾക്ക് 114 കോടിയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടി.