അരോപണങ്ങള്‍ തന്നിലേക്ക് നീളുന്നതില്‍ മുഖ്യമന്ത്രിക്കാശങ്ക; എ ഐ കാമറ ഇടപാട് റദ്ദാക്കിയേക്കും

PM

വിവാദമായ എ ഐ കാമറ ഇടപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. കെല്‍ട്രോണുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കാനും നീക്കം നടക്കുന്നുണ്ട്. ഇടപാടുമായ ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് നീണ്ടപ്പോഴാണ് ഇടപാടില്‍ നിന്നും പിന്‍വാങ്ങാനുള്ള ആലോചന സര്‍ക്കാരിനുണ്ടായത്. അതോടൊപ്പം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ ഐ കാമറ ഇടപാടില്‍ കൃത്യമായ രേഖകളും വസ്തുകളും വച്ചുകൊണ്ടാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായി അതിനെ പ്രതിരോധിക്കാനുള്ള ഒരു നീക്കവും ഉണ്ടായില്ല. വ്യവസായ മന്ത്രി പി രാജീവ് ആരോപണത്തിന് മറുപടി പറയാന്‍ പത്ര സമ്മേളനം വിളിച്ചെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ലന്ന പരാതി സി പി എമ്മിനുളളില്‍ നിന്നു തന്നെയുണ്ട്.

പുറം കരാര്‍ ലഭിച്ച പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് കരാറില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാന്‍ തുടങ്ങിയത്. ഈ ആരോപണത്തിന് മറുപടി പറയാന്‍ കഴിയാത്ത വിധത്തില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ധത്തിലായിരുന്നു. ഇതിനിടയില്‍ കെല്‍ട്രോണ്‍ എം ഡിയെ ഇറക്കി വിശദീകരണത്തിന് സര്‍ക്കാര്‍ തുനിഞ്ഞെങ്കിലും രമേശ് ചെന്നിത്തലയും വി ഡി സതീശനും പുതിയ തെളിവുകള്‍ പുറത്ത് വിട്ടുകൊണ്ട് അതിനെ ഖണ്ഡിച്ചു.

Share this story