തിരുവനന്തപുരത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു; ഭർത്താവിനെതിരെ ആരോപണം

anju

തിരുവനന്തപുരത്ത് അമ്മക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ഇന്നലെ മരിച്ച പുത്തൻതോപ്പ് സ്വദേശി അഞ്ജുവിന്റെ മകൻ ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. അഞ്ജുവിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്

മരണത്തിൽ ദുരൂഹത ആരോപിച്ച് അഞ്ജുവിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ പരാതിയിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു. ഭർത്താവ് രാജു ജോസഫിൽ നിന്ന് കടുത്ത മാനസിക, ശാരീരിക പീഡനമാണ് അഞ്ജു നേരിട്ടിരുന്നതെന്ന് അഞ്ജുവിന്റെ പിതാവ് പ്രമോദ് ആരോപിച്ചു. മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പ്രമോദ് ആരോപിക്കുന്നു. രാജുവിന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ അഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും പിതാവ് പറയുന്നു. 

2021 നവംബറിലായിരുന്നു ഇവരുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസും പറയുന്നത്. പുത്തൻതോപ്പിൽ ഫുട്‌ബോൾ മത്സരം കാണാൻ പോയ ശേഷം തിരികെ വന്നപ്പോഴാണ് അഞ്ജുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടതെന്നാണ് രാജു അയൽവാസികളോട് പറഞ്ഞത്. എന്നാൽ രാജു ഈ സമയം എവിടെയായിരുന്നുവെന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
 

Share this story