വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ച യുവാവിന്റെ നില ഗുരുതരം; 48 മണിക്കൂർ നിരീക്ഷണത്തിൽ

പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കൾ ആക്രമിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിന്റെ ശരീരത്തിൽ നിരവധി പരുക്കുകൾ ഉള്ളതായും തലയ്‌ക്കേറ്റ പരുക്കുകൾ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംആർ മുരളിയും പ്രാദേശിക സിപിഎം നേതാക്കളും ആശുപത്രിയിലെത്തി വിനീഷിനെ കണ്ടു. വ്യക്തിപരമായ തർക്കങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്
ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. സിപിഎം കുടുംബമാണ് വിനേഷിന്റേത്.