ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം; നിയമനടപടിക്കൊരുങ്ങി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസിൽ നിയമ നടപടിക്കൊരുങ്ങി ദിലീപ്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് പറയുന്നു. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ദിലീപ് പറയുന്നു
അതേസമയം, കേസിൽ വിധിപകർപ്പ് കാത്തിരിക്കുകയാണ് പ്രോസിക്യൂഷനും. 12ാം തിയതിയിലെ ശിക്ഷാവാദത്തിന് ശേഷമേ വിധിപകർപ്പ് ലഭ്യമാകു. വിധി പഠിച്ച് പാളിച്ചകൾ പരിശോധിച്ച ശേഷമേ ഹൈക്കോടതിയിലേക്ക് പോകു. പ്രോസിക്യൂഷന്റെ ചില തെളിവുകൾ കോടതി പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്.
കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
