അരിക്കൊമ്പന്റെ സിഗ്നൽ വിവരം നൽകുന്നില്ല; കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട് വനംവകുപ്പ്

arikomban

അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫീസർ ശിവാജി പറഞ്ഞു. 

ഹൈവേസ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിൽ വനംവകുപ്പ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്. കേരളാ അതിർത്തി കടന്ന് മേഘമലയിൽ എത്തിയ അരിക്കൊമ്പൻ രണ്ട് തവണ പെരിയാറിലേക്ക് തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ നിന്ന് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല

അരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദ സഞ്ചാരികളെ തമിഴ്‌നാട് മടക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് തിരിച്ചയച്ചു. അരിക്കൊമ്പൻ പിൻവാങ്ങുന്നതുവരെ മേഘമലയിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
 

Share this story