നിർമാണ ചെലവ് അഞ്ച് കോടി; പാലക്കാട് ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു
Oct 21, 2025, 15:01 IST

പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് പൊട്ടിവീണത്. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലവും ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കിയത്
എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ പാലം തകർച്ച നേരിടുകയായിരുന്നു. കെ ഡി പ്രസന്നൻ എംഎൽഎയുടെ നിർദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചായിരുന്നു പാലം നിർമിച്ചത്. പാലത്തിന് പുറമെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഓപൺ സ്റ്റേജ് അടക്കം വിപുലമായ പദ്ധതിയാണിത്
ഉദ്ഘാടനത്തിനിടയിൽ തന്നെ പാലത്തിന്റെ കൈവരികൾ പൊട്ടിവീണത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതേസമയം വിഷയം ഉടൻ പരിഹരിക്കുമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകുന്നത്.