എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി; ഒന്നുമില്ലെന്ന് തീർത്തും നിസംഗ ഭാവത്തിൽ ചെന്താമര

നെന്മാറ സജിത വധക്കേസിൽ കുറ്റക്കാരനെന്ന് വിധിക്കുമ്പോൾ തീർത്തും നിസംഗനായി നിൽക്കുകയായിരുന്നു ചെന്താമരയെന്ന കൊടുംകുറ്റവാളി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമരയെ കുറ്റക്കാരനായി കണ്ടെത്തിയത്. ഒക്ടോബർ 16ന് ശിക്ഷാവിധി പ്രഖ്യാപിക്കും. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
വിധി കേട്ട് പുറത്തിറങ്ങിയ ചെന്താമര പതിവിലും വിരുദ്ധനായി നിസംഗഭാവത്തിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്നൊക്കെ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാൻ ഇയാൾ തയ്യാറായില്ല. നേരത്തെ വിചാരണ കാലത്ത് കോടതിയിൽ എത്തുന്ന സമയത്ത് വെല്ലുവിളി നടത്തുകയായിരുന്നു ഇയാളുടെ ശീലം
നെന്മാറ പോത്തുണ്ടി ബോയൻസ് കോളനി നിവാസിയും അയൽവാസിയുമായ സജിതയെ വീട്ടിൽ കയറിയാണ് ഇയാൾ വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയെന്നായിരുന്നു ഇയാളുടെ ആരോപണം. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഈ വർഷം ജനുവരിയിൽ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നിരുന്നു.