നെല്ല് സംഭരണത്തിലെ പ്രതിസന്ധി ഒഴിയുന്നു; സാമ്പത്തിക ബാധ്യത പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. മില്ല് ഉടമകൾക്കുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സർക്കാർ ഇടപെട്ട് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകീട്ടോടെ മിൽ ഉടമകൾ അന്തിമ തീരുമാനമെടുക്കും.
കൊയ്ത്തു കഴിഞ്ഞ് അടുത്ത സീസണിലേക്ക് നെല്ല് സംഭരിക്കാറായി. ഇതിനിടയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെ നെല്ല് സംഭരിക്കില്ലെന്ന് മില്ല് ഉടമകൾ നിലപാടെടുത്തിരുന്നു. വിഷയത്തിൽ മന്ത്രി തല ചർച്ച നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പിന്നീടാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്.
2022 2023 വർഷങ്ങളിൽ മില്ല് ഉടമകൾക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സർക്കാർ ഇടപെട്ട് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. 100 ക്വിന്റൽ നെല്ല് സംഭരിച്ചാൽ 68 ക്വിന്റൽ അരി നൽകണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തിൽ പ്രായോഗികമല്ലെന്ന് ഉടമകൾ സർക്കാരിനെ അറിയിച്ചു.
66.5 ക്വിന്റൽ അരിയാക്കി നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം മില്ലുടമകൾ അംഗീകരിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം കേന്ദ്രവുമായി സംസാരിച്ച് പരിഹരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി
