ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി 28 വരെ നീട്ടി

Veena Jorge

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യസ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തുവെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്

ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് സമയം നീട്ടിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് നിർദേശം. ഡോക്ടറുടെ നിർദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ച ശക്തി, ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവ പരിശോധിക്കണം. വാക്‌സിനെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. പകർച്ചവ്യാധികളുണ്ടോയെന്നും പരിശോധിക്കും. ഒരു വർഷമാണ് കാർഡിന്റെ കാലാവധി.
 

Share this story