വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൻ അറസ്റ്റിൽ

abdu

മലപ്പുറം വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ അബ്ദുറഹ്മാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ആഗസ്റ്റ് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെ പോലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.

അൻവറിന്റെ ചികിത്സക്കുള്ള പണം അബ്ദുറഹ്മാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വാക്ക് തർക്കം ഉണ്ടാവുകയും അൻവർ പിതാവായ അബ്ദുറഹ്മാനെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്തിയ ശേഷം അബ്ദുറഹ്മാന്റെ മൃതദേഹം എടുത്ത് കൊണ്ടു പോയി വീടിന് പിറക് വശത്തെ കുളത്തിൽ തള്ളി. തുടർന്ന് പിതാവിനെ കാണാനില്ല എന്ന് പറഞ്ഞ് ബന്ധുക്കളെ ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു. 

ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ.പി.എസ് ന്റെ നിർദേശാനുസരണം മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മനോജ്. ടി, പോലീസ് ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്തത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Share this story