പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം ഇന്ന് കേന്ദ്രത്തെ അറിയിച്ചേക്കും
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയൽ കണ്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിന് ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ എസ് എസ് കെ ഫണ്ട് ലഭിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഫണ്ടിന്റെ കാര്യം കേന്ദ്ര വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിയുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഫണ്ടിനായി ഇനി പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ എസ്എസ്കെ ഫണ്ട് 320 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുധനാഴ്ച പണം അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്. പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയി എന്നാണ് വിവരം.
