തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണം; സിപിഐഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി.പി. ദിവ്യ

PP ദിവ്യ

കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്‍പാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയത്.

പിപി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കത്ത് നല്‍കിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തിരിച്ചുവരാന്‍ പിപി ദിവ്യയ്ക്ക് കഴിഞ്ഞില്ല. ചില നേതാക്കള്‍ പിപി ദിവ്യയുടെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്നു. അതിനിടെ പാര്‍ട്ടിയില്‍ നിന്ന് അകലുന്നവെന്ന സൂചന നല്‍കി പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പിപി ദിവ്യയെ ബന്ധപ്പെട്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിയുമായി അകന്ന് പോകരുതെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.

അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ അഴിമതി നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫിന്റെ പങ്കും അന്വേഷണപരിധിയിലുണ്ട്. ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags

Share this story