എനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിന്; വേണുവിന്റെ ശബ്ദ സന്ദേശം

Venu

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ കൂടുതല്‍ ശബ്ദസന്ദേശം പുറത്ത്. വേണു ബന്ധുവിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ആന്‍ജിയോഗ്രാം ചെയ്യുന്ന ലിസ്റ്റില്‍ തന്നെ അവസാനം ഒഴിവാക്കി. തനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദി മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമാണെന്നും വേണുവിന്റെ ശബ്ദസന്ദേശം.

പന്മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അനുപമയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അറ്റാക്കാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞതുകൊണ്ടാണ് എന്നെ ഇവിടെ നിന്ന് സ്വകാര്യ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നത്. ബുനാഴ്ച എക്കോയും, വ്യാഴ്ച ആന്‍ജിയോഗ്രാമും ചെയ്യാമെന്ന് പറഞ്ഞു. ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്തു. ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് പ്രഖ്യാപിച്ചപ്പോള്‍ എന്റെ പേര് അതില്‍ ഇല്ല. എനിക്ക് എന്ത് സംഭവിച്ചാലും അതിന്റെയെല്ലാം പൂര്‍ണഉത്തരവാദിത്തം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് – വേണു പറയുന്നു.

തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഒരാളെയും വെറുതെ വിടരുതെന്നും വേണു പറഞ്ഞു. കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണമെന്നും വേണു സന്ദേശത്തില്‍ വ്യക്തമാക്കി. പൊതുജനങ്ങളോടാണ് വേണുവിന്റെ അഭ്യര്‍ത്ഥന. എന്തുകൊണ്ട് ആന്‍ജിയോഗ്രാം ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും വേണു പറയുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച ശബ്ദ സന്ദേശമാണിത്.

ലിസ്റ്റ് കിട്ടിയാലേ ആന്‍ജിയോഗ്രാമില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്ന് ആശുപത്രി ജീവനക്കാരി പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നു. ഡോക്ടര്‍മാര്‍ വേറെ പ്രോസീജറിലെന്നും ആശുപത്രി ജീവനക്കാരി പറയുന്നു.

Tags

Share this story