അനുജ ഇരുന്ന ഭാഗത്തെ ഡോർ 3 തവണ തുറന്നു; അടൂർ അപകടത്തിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

anuja

അടൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദുരൂഹ വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടമുണ്ടാകുന്നത് കണ്ട ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. അപകടത്തിന് മുമ്പ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പഞ്ചായത്ത് അംഗം കൂടിയായ ശങ്കർ പറഞ്ഞു. 

ആലയിൽപ്പടിയിൽ നിൽക്കുമ്പോൾ കാർ കടന്നുപോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകൾ ഡോറിന് പുറത്തേക്ക് ഇട്ട നിലയിലായിരുന്നുവെന്നും അകത്ത് മൽപ്പിടിത്തം നടന്നതായി സംശയിക്കുന്നതെന്നും ശങ്കർ പറഞ്ഞു

മദ്യപിച്ച് വാഹനമോടിച്ചതോ മറ്റോ ആയിരിക്കുമെന്നാണ് അപ്പോൾ കരുതിയത്. ഡ്രൈവറുടെ നിയന്ത്രണത്തിലായിരുന്നില്ല കാർ എന്നത് വ്യക്തമായിരുന്നു. രാവിലെ അപകടത്തിന്റെ ദൃശ്യം കണ്ടപ്പോഴാണ് രാത്രിയിൽ കണ്ട കാറാണ് ഇതെന്ന് തിരിച്ചറിഞ്ഞതെന്നും ശങ്കർ പറഞ്ഞു. സ്‌കൂൾ അധ്യാപികയായ അനൂജയും ബസ് ഡ്രൈവറായ ഹാഷിമുമാണ് മരിച്ചത്. 

അനൂജ സഹ അധ്യാപകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് ട്രാവലറിൽ മടങ്ങിവരുമ്പോൾ കാറുമായി എത്തി വണ്ടി തടഞ്ഞ ഹാഷിം അനൂജയെ കാറിൽ കയറ്റുകയായിരുന്നു. എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. 

ബിസിനസുകാരനായ കായംകുളം സ്വദേശി ആഞ്ചിയാണ് അനൂജയുടെ ഭർത്താവ്. സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിം വിവാഹമോചിതനാണ്. അടൂർ പട്ടാഴിമുക്കിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം സംഭവിച്ചത്.
 

Share this story