കെട്ടിയിട്ട് കവർച്ച ചെയ്തുവെന്നതു നാടകം: വീട്ടുജോലിക്കാരി അറസ്റ്റിൽ

Local

തൊടുപുഴ: കിഴക്കേക്കരയിൽ കളരിക്കൽ മോഹനന്‍റെ വീട്ടിൽ വീട്ടുജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ പരാതി കെട്ടിച്ചമച്ചതാണെന്നു പോലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി ഇടുക്കി തൊടുപുഴ കുമാരമംഗലം മില്ലും പടി വരിക്കാനിക്കൽ വീട്ടിൽ പത്മിനിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒന്നാം തീയതി വീട്ടുജോലി ചെയ്യുന്നതിനിടയിൽ ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും, വായിൽ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തെന്നാണ് പത്മിനി പരാതിയിൽ പറഞ്ഞത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്.എച്ച്.ഒ കെ.എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ കെട്ടിയിട്ട് കവർച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പത്മിനി മോഷ്ടിച്ച അമ്പത്തിയഞ്ച് ഗ്രാം സ്വർണ്ണം വീടിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷമായി പത്മിനി ഈ വീട്ടിൽ ജോലിക്ക് നിൽക്കുന്നു. എസ്.ഐമാരായ ആതിരാ പവിത്രൻ, വിഷ്ണു രാജ്, കെ.കെ.രാജേഷ്, എ.എസ്.ഐമാരായ ജയകുമാർ , ജോജി, സി.പി.ഒ ജിജോ കുര്യാക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share this story