വീണയെ വിടാതെ ഇ ഡി; സിഎംആർഎൽ സാമ്പത്തിക ഇടപാടിൽ വീണ്ടും സമൻസ് അയക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Veena ED

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് എതിരായ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ തുറന്ന് പരിശോധിച്ചതിന് പിന്നാലെ വീണ്ടും സമന്‍സ് അയക്കും. ലോക്കര്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇ ഡി കടന്നിട്ടുണ്ട്.

ഇന്നലെയാണ് ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി പരിശോധന നടത്തിയത്. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇ ഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയായിരുന്നതിനാൽ അവരുടെ സാന്നിദ്ധ്യം ആവശ്യമുണ്ടായിരുന്നില്ല.

17-ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ച് വീണ ടിയെ ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തരയോടെ വീണ ചോദ്യം ചെയ്യലിന് ഹാജരായി. ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.  ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്‍കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.

Tags

Share this story