ഇ ഡിയുടേത് മികച്ച സ്‌ക്രിപ്റ്റ്, ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചത് ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പ്; മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇഡി കത്തിലെ വിശദാംശങ്ങളില്‍ മറുപടിയുമായി പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തിയ കുറിപ്പാണ് റെഡ് ബുക്ക് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഹവാല ഇടപാടെന്ന് വീണ കുറ്റസമ്മതം നടത്തിയെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ബോധപൂര്‍വം വ്യക്തിപരമായി മോശമാകാനുള്ള ശ്രമമാണ് ഇതുമായി ബന്ധപ്പെച്ച് നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകാണ് ഇതെങ്കില്‍ അവര്‍ പുറത്ത് വിടുമോ. ഇന്നത്തെ ദിവസം എന്തിന് ഇതിന് തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോവുകയാണ്. നേരത്തത്തെ ഹവാല എന്ന നിലയില്‍ എന്നെ കണക്റ്റ് ചെയ്യാനുള്ള ശ്രമം നടത്തി. അത് പൊളിഞ്ഞു. ഇപ്പോള്‍ പുതിയകഥ രംഗത്തെത്തിയിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

നമ്മള്‍ ബേപ്പൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിയോജക മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഗ്രൂപ്പാണിത്. നമ്മള്‍ ബേപ്പൂര്‍ എന്ന ഗ്രൂപ്പ് ഹവാലാ ഇടപാടുള്ള ഗ്രൂപ്പാണ് എന്നാണ് വാര്‍ത്ത. ആ ഗ്രൂപ്പില്‍ സമസ്ത മേഖലകളിലെ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും ഉണ്ട്. പുതിയ കാലത്ത് ഇതൊക്കെ പരിശോധിക്കാമല്ലോ. അത് എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് മനസിലാകും – അദ്ദേഹം പറഞ്ഞു.

ഹവാല പണമാണ് എന്ന് വീണ സമ്മതിച്ചു എന്നൊക്കെയാണ് പറയുന്നതെന്നും ഇത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കളവാണ്. തെറ്റായ കാര്യമാണ്. ഒരു ഫ്യൂച്ചര്‍ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യമാണ്. അതില്‍ എഴുതിയിട്ടുള്ള ആളുകളോട് പലരോടും അത് ചര്‍ച്ച പോലും ചെയ്തിട്ടില്ല എന്നടക്കം മൊഴി നല്‍കിയിട്ടുണ്ട്. അതും കള്ളപ്പണവും തമ്മില്‍ ഒരു ബന്ധവുമില്ല. കള്ളപ്പണമാണ് അത് എന്ന് വീണ അഡ്മിറ്റ് ചെയ്തു എന്നത് ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ്. ഭാവി ബിസിനസുമായി ബന്ധപ്പെട്ട കാര്യമാണ് റെഡ് ബുക്ക് എന്ന നിലയില്‍ അവതരിപ്പിച്ചത്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. ആ ഘട്ടത്തിലൊന്നും ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. വീണ കുറ്റസമ്മതം നടത്തി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ് – അദ്ദേഹം പറഞ്ഞു.

വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നും ഒരു തരത്തിലും ഭയപ്പെടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഇതൊരു മികച്ച തിരക്കഥയാണ്. ദേശീയതലത്തില്‍ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് കൊടുക്കാന്‍ പറ്റിയാല്‍ ഇത് എഴുതിയ ആള്‍ക്ക് കൊടുക്കണം. ബാക്കി കാര്യം നിയമപരമായി കൈകാര്യം ചെയ്യും. ഇഡിയുടെ സ്ഥിരം പരിപാടി ആണല്ലോ ഇത്. ഇതൊക്കെ ഇങ്ങനെ കൊടുത്തുകൊണ്ട് നാട്ടിലെ ജനങ്ങളുടെ ഇടയില്‍ നമ്മളെ അങ്ങ് കരിവാരിത്തേച്ച് മോശമാക്കിക്കളയാം എന്ന് ആരെങ്കിലും ധരിച്ചാല്‍ അത് നടക്കില്ല. രാഷ്ട്രീയ നിലപാട് അതിശക്തമായി പറയും – അദ്ദേഹം പറഞ്ഞു.

Tags

Share this story