വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Election

ന്യൂഡൽഹി: സംസ്ഥാന സർക്കാറുകൾ പുനർനിയമനം നൽകുകയോ മറ്റ് ചുമതലകൾ നൽകുകയോ ചെയ്തിട്ടുള്ള വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും ഇനി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം (എം സി സി) ബാധകമായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇവർ കർശനമായും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇ സി ഐ) നിർദേശം നൽകി.

അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കുമാണ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഇവർ യാതൊരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലോ വോട്ട് ചോദിക്കുന്നതിലോ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ പിന്തുണ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാർട്ടിക്കോ ഗ്രൂപ്പിനോ അനുകൂലമായി തങ്ങളുടെ പേരോ ഔദ്യോഗിക പദവിയോ സ്ഥാനമോ അധികാരമോ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ സാധാരണ സർക്കാർ വകുപ്പുകൾക്കും ജീവനക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും പൂർണ്ണമായോ ഭാഗികമായോ സർക്കാർ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങൾ, കമ്മിറ്റികൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ എന്നിവയ്ക്കും അവയുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ഇത് ബാധകമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് 2027 ലാണ് നടക്കേണ്ടത്. നിലവിൽ സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുക്കുന്നത് വിലക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ സംസ്ഥാനങ്ങളിൽ ബാധകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പുനർനിയമനം ലഭിച്ച വിരമിച്ച ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അവരുടെ രാഷ്ട്രീയ നിഷ്പക്ഷതയുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതിനാലാണ് പുതിയ നടപടി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളിലോ ജില്ലകളിലോ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ ചർച്ചകൾക്കോ യോഗങ്ങൾക്കോ വിളിക്കുന്നതിൽ നിന്നും ഇത്തരം വ്യക്തികളെ വിലക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസുകൾ നടത്തുന്നതിനും ഇവർക്ക് വിലക്കുണ്ട്. കമ്മീഷന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏത് പ്രവൃത്തിയും ഗൗരവമായി കാണുമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ വകുപ്പുകളിലേക്കും ഇത് നൽകണമെന്നും കമ്മീഷൻ സംസ്ഥാന ഭരണകൂടങ്ങളോട് നിർദ്ദേശിച്ചു.

Tags

Share this story