ജീവനക്കാർ സഹകരിച്ചില്ല; കെഎസ്ആർടിസി കുപ്പിവെള്ള പദ്ധതി അവസാനിച്ചു

KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ കുപ്പിവെള്ള പദ്ധതി അവസാനിപ്പിച്ചു. ജീവനക്കാരുടെ നിസഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്‍റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവിൽപ്പന തുടങ്ങാൻ തീരുമാനിച്ചത്. ടിക്കറ്റേതര വരുമാനമായിരുന്നു പ്രധാന ലക്ഷ്യം.

സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേർന്ന് കെഎൽ 15 എന്ന പേരിലാണ് കുപ്പിവെള്ളം ഇറക്കിയത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായിരുന്നു വില. ഇത് ഡ്രൈവർക്കും കണ്ടക്റ്റർക്കും വിൽക്കാം. കണ്ടക്റ്റർക്ക് 2 രൂപ, ഡ്രൈവർക്ക് 1 രൂപ എന്ന രീതിയിൽ കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ ഇത് നിഷേധിക്കുകയായിരുന്നു.

കുപ്പിവെള്ളം ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം കൂട്ടുമെന്നായിരുന്നു ജീവനക്കാരുടെ പ്രധാന പരാതി. ജീവനക്കാരെ കുപ്പിവെള്ളവിൽപ്പനയ്ക്കു നിർബന്ധിക്കരുതെന്നും വിൽക്കുന്നവരെ തടയില്ലെന്നും തൊഴിലാളി സംഘടനകളും അറിയിച്ചു. ഇതോടെ പതിയെ പദ്ധതി നിലയ്ക്കുകയായിരുന്നു.

Tags

Share this story