കൂർത്ത ഇടിവള കൊണ്ടുള്ള ആക്രമണം: തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
തിരുവനന്തപുരം: എൻജിനീയറിങ് കോളെജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എൻജിനീയറിങ് കോളെജിലാണ് സംഭവമുണ്ടായത്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ എന്ന 20 കാരനാണ് ആക്രമണത്തിൽ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ആനുവൽ ഡേ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ കൂട്ടത്തിലൊരാൾ കൂർത്ത മുനയോടെയുള്ള ഇടിവള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് അമീനിന്‍റെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. മർദനത്തിൽ കണ്ണിന്‍റെ റെറ്റിന തകരുകയായിരുന്നു.
ഇടതു കണ്ണിനു ഗുരുതരമായി പരുക്കേറ്റ അല്‍ അമീനെ കൂട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിവജിത്ത്, നിതിന്‍, കാശിനാഥ്, കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
