കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; അലോഷ്യസ് സേവ്യർ കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കും

ksu

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സ്ഥാനം രാജിവെക്കുന്നു. ഇടുക്കിയിലും പൂഞ്ഞാറിലും പീരുമേട്ടിലും അലോഷ്യസിനെ പരിഗണിച്ചിരുന്നു. എന്നാൽ എവിടെയും സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് രാജിയിലേക്ക് നീങ്ങുന്നത്. കെ എസ് യുവിന്റെ സമര പോരാട്ടങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് രാജി

രാജിക്കത്ത് എൻ എസ് യു ദേശീയ പ്രസിഡന്റിന് അയച്ചെന്നാണ് വിവരം. യൂത്ത് കോൺഗ്രസിന്റെ പല നേതാക്കളെയും പല മണ്ഡലങ്ങളിലും പരിഗണിച്ചപ്പോൾ കെ എസ് യുവിന്റെ സംസ്ഥാന നേതാക്കളെ ആരെയും പരിഗണിച്ചില്ലെന്ന പരിഭവമാണ് അലോഷ്യസ് സേവ്യറിനുള്ളത്. അലോഷ്യസ് സേവ്യറിന്റെ രാജിക്ക് പിന്നാലെ കൂടുതൽ പേർ കെ എസ് യുവിൽ നിന്ന് രാജിവെക്കുമെന്നാണ് വിവരം

അതേസമയം കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെ പട്ടിക പുറത്തുവരുമെന്നാണ് നേരത്തെ നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ പല മണ്ഡലങ്ങളിലും സീറ്റിനായി നേതാക്കൾ കടിപിടി കൂടുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്

കണ്ണൂരിൽ കെ സുധാകരന്റെ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ് സീറ്റ് അനുവദിക്കുന്നതും ഇന്ന് കണ്ടിരുന്നു. പെരുമ്പാവൂരിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി. കൊച്ചിയിൽ സീറ്റില്ലെന്ന തിരിച്ചറിവോടെ ദീപ്തി മേരി വർഗീസും കലാപക്കൊടി ഉയർത്തും. സുധാകരന് മത്സരിക്കാൻ അനുമതി നൽകിയതിനാൽ തനിക്കും മത്സരിക്കണമെന്ന ആവശ്യവുമായി അടൂർ പ്രകാശും രംഗത്തുവന്നിട്ടുണ്ട്


 

Tags

Share this story