മാമുക്കോയയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ സിനിമാ ലോകം; വികരാധീനരായി താരങ്ങൾ

mamukkoya

നടൻ മാമുക്കോയയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് മലയാള സിനിമാ ലോകവും ആരാധകരും കേട്ടത്. സിനിമാ ലോകത്ത് തന്റേതായ ശൈലിയിലൂടെ ഹാസ്യവസന്തം സൃഷ്ടിച്ച താരമാണ് കടന്നുപോയത്. ഏറെ വികരാധീനരായാണ് താരങ്ങൾ പലരും മാമുക്കോയയുടെ വിയോഗ വാർത്തയോട് പ്രതികരിച്ചത്. 

വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ജയറാം പറഞ്ഞു. മാമുക്കോയ ആശുപത്രിയിൽ ആയിരുന്നപ്പോൾ താനും സത്യൻ അന്തിക്കാടും അദ്ദേഹത്തെക്കുറിച്ച് പരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നു. അര മണിക്കൂർ മുമ്പാണ് ആരോഗ്യനില മോശമായ അവസ്ഥയിലായെന്ന് അറിയുന്നത്. മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. അദ്ദേഹവുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് താൻ. മലയാള സിനിമയിൽ ഇനി ക്യാരക്ടർ വേഷം ചെയ്യാൻ ആരാണുള്ളതെന്നും ജയറാം ചോദിച്ചു

ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ള ആളായിരുന്നു മാമുക്കോയ എന്ന് സായ്കുമാർ പ്രതികരിച്ചു. ഒരു ജില്ല മുഴുവൻ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി ബന്ധമില്ലാത്തവർ തന്നെ ഇല്ല. പാചകത്തിലും അദ്ദേഹം മിടുക്കനായിരുന്നു. പലപ്പോഴും രുചികരമായ വിഭവങ്ങൾ ലൊക്കേഷനിലേക്ക് ഉണ്ടാക്കി കൊണ്ടുവരുമായിരുന്നുവെന്നും സായ്കുമാർ പ്രതികരിച്ചു

സെലിബ്രിറ്റി പദവിയിലിരുന്നിട്ടും താരജാഡകളൊന്നും ഇല്ലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയ എന്ന് കെബി ഗണേഷ് കുമാർ പ്രതികരിച്ചു. സത്യം പറയുന്ന, ന്യായത്തിന് വേണ്ടി നിലകൊള്ളുന്ന, കാപട്യമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അത് തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
 

Share this story