സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു; ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് സതീശൻ
ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം. ‘ഭയാനക’ സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആണെന്നും സതീശൻ ആരോപിച്ചു
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നത്.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു
