ചില ആര്‍എസ്എസുകാര്‍ക്ക് കേന്ദ്രം നല്‍കിയിരുന്ന പ്രത്യേക സുരക്ഷ ഗവര്‍ണര്‍ സ്വീകരിച്ചു; മുഖ്യമന്ത്രി

തിരുവനന്തപരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സുരക്ഷയുള്ള ആര്‍എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെന്ന നിലയില്‍ തനിക്ക് ലഭിച്ച സുരക്ഷ വേണ്ടെന്നുവെച്ച് ചില ആര്‍എസ്എസുകാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക സുരക്ഷ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്.

നിയമത്തിന് മുകളിലല്ല ഗവര്‍ണറെന്നും നിയമമാണ് ഏറ്റവും അന്തിമമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി ഗവര്‍ണര്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. അധികാര സ്ഥാനത്തുള്ളവര്‍ക്കെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിഷേധമുണ്ടാകുമ്പോള്‍ വാഹനത്തില്‍ നിന്നും ഏതെങ്കിലുമൊരാള്‍ ഇറങ്ങുമോ? പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുകയെന്നത് സ്വാഭാവിക നടപടിയാണ്.

അത് പൊലീസ് സ്വീകരിക്കുമെന്നും അതിന് ഗവര്‍ണര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പറയുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. 'ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്ഐആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ? പൊലീസ് കൂടെ വരണ്ടെന്ന് കോഴിക്കോട്ട് ഗവർണർ പറഞ്ഞു. അങ്ങനെ ഏതെങ്കിലും ഗവർണർ നേരത്തെ പറഞ്ഞിട്ടുണ്ടോ. ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടിട്ടാണോ അതോ കേന്ദ്ര സർക്കാർ പ്രത്യേകമായി നിലപാട് എടുത്തതാണോയെന്ന് അറിയില്ല. സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നാണ് പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രതിഷേധക്കാർ അഴിഞ്ഞാടിയതെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രതികരണം. പൊലീസുകാർക്ക് മുഖ്യമന്ത്രി കടിഞ്ഞാണിടുകയാണ്. മുഖ്യമന്ത്രിയാണ് ഇങ്ങനെ പോയതെങ്കിൽ ഈ പ്രതിഷേധം ഉണ്ടാകുമോയെന്നും ഗവർണർ ചോദിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് കേരള പൊലീസ്. കേരള പൊലീസിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും ഗവർണർ ആഞ്ഞടിച്ചു.

കൊട്ടാരക്കരക്ക് അടുത്തുള്ള സദാനന്ദപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് എസ്എഫ്ഐ പ്രവർത്തകർ ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്. പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയായിരുന്നു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ മാത്രമെ തിരിച്ച് കയറൂവെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു.

Share this story