ചികിത്സയിലിരിക്കെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; മെഡിക്കൽ കോളെജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

Local

തൃശൂർ : തൃശൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെഡിക്കൽ കോളെജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രിൻസിപ്പലിന്‍റെ റിപ്പോർട്ട്. രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന് പറഞ്ഞാണ് പ്രതി ദയാലാൽ യുവതിക്കൊപ്പം എത്തിയത്. വനിത ജീവനക്കാരാണ് യുവതിയെ പരിചരിച്ചതെന്നും ആരോഗ്യമന്ത്രിക്ക് നൽകിയ റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു. 

മെഡിക്കൽ കോളെജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി  റിപ്പോർട്ട് തേടിയി. സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ പ്രാഥമിക അന്വേഷണത്തിലെ  കണ്ടെത്തൽ. യുവതിക്കൊപ്പം ആശുപത്രിയിൽ വന്ന ദയാലാൽ കൂട്ടിരിപ്പുകാരനെന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളെജിലെ വനിതാജീവനക്കാർ തന്നെയാണ് യുവതിയെ ശുശ്രൂഷിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നലെ ബന്ധുവിനോടാണ് യുവതി അതിക്രമവിവരം വ്യക്തമാക്കിയത്. വിവരം അറിഞ്ഞ ഉടൻ നഴ്സ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അതേസമയം ഇന്നലെ രാത്രിയിൽ കൊടുങ്ങല്ലൂരിൽ അറസ്റ്റിലായ പ്രതി ദയാലാലിനെ മെഡിക്കൽ കോളെജ് പൊലീസ് കോടതിയിൽ ഹാജരാക്കി. ബലാത്സംഗക്കുറ്റം അടക്കമുള്ള നാല് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുക്കുന്നത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് ശ്രീനാരായണപുരം സ്വദേശി ദയാലാൽ. 
വെള്ളിയാഴ്ച്ച വിഷം കഴിച്ച് ആത്മഹത്യക്കുശ്രമിച്ച കയ്പമംഗലം സ്വദേശിനിക്കു നേരെയായിരുന്നു പീഡനശ്രമം.  യുവതിയെ കൊടുങ്ങല്ലൂർ താലുക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. 

ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകുമ്പോൾ ബന്ധുവെന്ന വ്യജേന യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും ആംബുലന്‍സില്‍ വെച്ചും, പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് ബോധം വീണ്ടെടുത്തപ്പോള്‍, പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നഴ്‌സിനെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share this story