ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

high court

കൊച്ചിയിൽ സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കോടതി ആവശ്യപ്രകാരം കൊച്ചി ഡിസിപി നേരിട്ട് ഹാജരായി. അപകടത്തിന്റെ സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ച കോടതി സംഭവം ഞെട്ടിക്കുന്നതാണെന്നും ഇനിയൊരു ജീവനും ഇത്തരത്തിൽ നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു

എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. നിയമലംഘനങ്ങൾ എത്രനാൾ നോക്കി നിൽക്കും. ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. എന്നാൽ ഓവർ ടേക്കിംഗിനെതിരെ നടപടിയെടുത്താൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്ന് ഡിസിപി കോടതിയെ അറിയിച്ചു

അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കാൻ സ്വകാര്യ ബസുകളിൽ ഹെൽപ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 8.15ന് മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടമുണ്ടായത്. വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണിയാണ്(46) മരിച്ചത്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.
 

Share this story