ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവം; 2 പേർ കീഴടങ്ങി

Local

കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ 2 പേർ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.

നടക്കാവ് സ്റ്റേഷനിലെത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനാണ് മർദ്ദനമേറ്റത്. കേസിൽ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത്. ശാരീരിക അശ്വസ്തകളെത്തുടർന്ന് തുടർ ചികിത്സയിൽ ഇരുന്ന യുവതിയെ ചികിത്സിച്ചിരുന്നത് ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ്. ഇതിനിടെ യുവതിയുടെ സി ടി സ്കാൻ വൈകിയെന്നാരോപിച്ച് ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്നാണ് ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് തകർത്തതും ഡോ. പി കെ അശോകനെ മർദ്ദിച്ചതും. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടറെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story